Popular Posts

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

വേവൊടുങ്ങാത്ത കാഴ്ചയില്‍ 'നീ'



ഈ മിഴിയോരത്തും മിഴിദൂരത്തും നിന്റെ നനവുറഞ്ഞ
ഓര്‍മ്മകള്‍ എന്നില്‍ വിണ്ടുപൊട്ടുന്ന വേവായുറയ്ക്കുന്നു
നഷ്ടവസന്തങ്ങള്‍ക്ക് സാക്ഷ്യമായി പൂവിടുന്ന മരവാഴകള്‍
കല്‍ച്ചുമരുകളുടെ അതാര്യതയിലൂടെ എന്നിലേയ്ക്കുള്ള വഴി പഠിച്ചത്
നിന്നിലേയ്ക്ക് നടന്നുമറഞ്ഞ വേരാഴങ്ങളിലൂടാവും
എന്റെ ജാലകവട്ടത്തിലെ സ്വപ്‌നക്കാഴ്ചകളില്‍ ചാഞ്ഞ്
നീ ചന്നം പിന്നം കോറിയിട്ട നഖചിത്രങ്ങളിലേയ്ക്ക് വെയിലേറ്റങ്ങള്‍
വിശകലനം തേടി ഓടിപ്പിടഞ്ഞെത്തിയപ്പോഴേയ്ക്കും നിറംവറ്റിയിരുന്നു
കാറ്റിനൊപ്പം തിമര്‍ത്താടിയുള്ള നിന്റെ വരവുകണ്ട്
എന്റെ ചില്ലുവീടിന്റെ കൈകള്‍ വിടര്‍ത്തിയിട്ടപ്പോഴൊക്കെ
ഒടിഞ്ഞുതൂങ്ങിയ കാലുകളുമായി നീ കാണാമറയത്തെത്തിരുന്നു
പണ്ടെങ്ങോ നോവുപാകിയ വിത്തുപാടങ്ങളില്‍
ഇനിയും വിവര്‍ത്തനം ചെയ്യപ്പെടാത്ത കനല്‍നാമ്പുകള്‍
നിന്നെ ധ്യാനിച്ച് ഈര്‍പ്പം തൊടാതെ കിടപ്പുണ്ട്
ഇനിയത് ഉഴുതുണര്‍ത്താനും വിളവെടുക്കാനുമാവില്ല
കൃഷിവലന്‍ ആത്മഹൂതിയില്‍ അഭയം തേടിയിരുന്നല്ലോ
വിത്തനക്കങ്ങള്‍ക്ക് സാധ്യതയില്ലെന്നുറച്ചതിനാലാകും
പ്രകൃതിക്ഷോഭങ്ങളും ഈ തരിശുനിലം കൈയ്യൊഴിഞ്ഞത്
നികത്തി ഒരു സ്മാരകമൊരുക്കാന്‍ ആദര്‍ശവും അനുവദിക്കുന്നില്ലല്ലോ
നൂറുമേനികള്‍ കണ്ട ഈ പുത്തരിക്കണ്ടങ്ങള്‍ വിട്ട്
നീ മുകില്‍ ലായങ്ങളിലേയ്ക്ക് ആണ്ടുപോയിട്ട്
ആണ്ടറുതികള്‍ എത്രവട്ടം മലക്കമറിഞ്ഞിരിക്കുന്നു
എല്ലുന്തിയ കന്നുകുട്ടികളുടെ സമാധികള്‍ മണക്കുന്ന മണ്ണിലിപ്പോള്‍
നെഞ്ചിലെ ചാപ്പയില്‍ തെളിയുന്ന ബാരിക്കേടുകളുടെ
കുറുകലില്‍ പതഞ്ഞുപറ്റുന്ന കിതപ്പിന്റെ കിറിനക്കിപ്പിടിച്ച്
ചാവാലിപ്പട്ടികള്‍ക്കൊപ്പം വിശപ്പാറ്റുന്ന ചില സൊമാലിയന്‍ പകര്‍പ്പുകള്‍
അവരുടെ മുറിഞ്ഞുവീഴുന്ന ഉച്ഛ്വാസങ്ങളില്‍ കടല്‍ മണക്കുന്നു
വര്‍ത്തമാനങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട **കൊമാലകളുടെ
ഓളങ്ങളൊഴിഞ്ഞ കാഴ്ചഭിത്തികളില്‍ കാവലാകുന്നത്
കോണ്‍ക്രീറ്റ് കാടുകളുടെ പന്തലിക്കുന്ന നിഴലുകള്‍ മാത്രം

* കോണ്‍ക്രീറ്റ് ഫ്‌ളാറ്റില്‍ കുടുങ്ങി, സ്വപ്‌നങ്ങളില്‍ മാത്രം മഴ കാതോര്‍ക്കുന്ന ഒരു പെണ്‍മനസ്സാണ് ഇവിടെ പ്രമേയമായത്.

** കൊമാല എന്നാല്‍ കുര്‍ദിഷ് ഭാഷയില്‍ സമൂഹം എന്നാണര്‍ത്ഥം. ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ യുവാന്‍ റൂള്‍ഫോ തന്റെ നോവലില്‍ അവതരിപ്പിച്ചിരിക്കുന്ന കൊമാല സ്വത്വബോധം മറവിയിലാണ്ട് പോയ ഒരു സമൂഹത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. ഇവിടെയും അത്തരത്തിലൊരര്‍ത്ഥമാണ് കൊടുക്കുന്നത്.

2010, മേയ് 18, ചൊവ്വാഴ്ച

ഗൈഡ് ഷിപ്പ്


വരണം, വരണം. അതെ, ലങ്ക തന്നെ
കരിവേഷങ്ങളുടെ കൂക്കുവിളികള്‍
അസ്തമിക്കാത്ത നാട്.
ഇടയ്ക്കിടെ തുള്ളിയുറയുന്ന തീ പന്തങ്ങളില്‍
ഉണരുന്ന തെയ്യങ്ങളും കാണാം.
അതെ, സമസ്തം സിംഹളമയം.
ഓ, ആ രാവണന്റെ തിരോധാനം
ഒരൊടുക്കമൊന്നുമല്ല, തുടക്കമാ.
ഹ്മ്മ... ലങ്കലക്ഷ്മിയോ...
അവളിന്നൊരു നിശാശലഭമാണ്
സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍
അവളുടെ നാഭീനാളിയില്‍
തഴമ്പിച്ചു കാണും, പതിവായില്ലേ...

നിങ്ങളൊരു പക്ഷി നിരീക്ഷകനാകും...
പക്ഷെ, ഇരുട്ട് തമ്പടിച്ചിരിക്കുന്ന
ഈ മരത്തലപ്പുകളില്‍
നിങ്ങളുടെ ദൂരദര്‍ശനികള്‍ വരച്ചെടുക്കുക
ചിലക്കാന്‍ മറന്ന പക്ഷികളെയാവില്ല
ഉറങ്ങാന്‍ മറന്ന 'പുലികളുടെ' കണ്ണുകളാകും.

ഈ സമുദ്രപാതകളില്‍
എന്നും വലിഞൊടുങ്ങുന്നത്
മഴവെള്ളമല്ല, ചോരമണമാണ്.
നിങ്ങളുടെ ദാഹം കെടുത്തുന്ന
ഈ വളപ്പൊട്ടുകളുണ്ടല്ലോ...
അത് നാണം മറന്ന ചാവേറുകളുടെതാണ്.
അവര്‍ മധുരമായി പാടുമായിരുന്നു
വനവസന്തം പോലുള്ള പാട്ടുകള്‍
നാടറിയുന്ന നാടോടിപ്പാട്ടുകള്‍.


ദേ, നോക്കീം കണ്ടും നടക്കണം
ചുമ്മാ മൈനുകള്‍ക്ക്
പണികൊടുക്കാന്‍ നോക്കരുത്.
മ്...ലങ്കാദഹനമോ...??
അത് കെട്ടുകഥയൊന്നുമല്ല
ഐതിഹ്യങ്ങളുണര്‍ന്ന ഇടമായതുകൊണ്ടാവും
ഇവിടത് എല്ലാ അധികാര-സംക്രാന്തിയിലും മുടങ്ങാതെ നടക്കും.
പറഞ്ഞുവന്നാല്‍ ഇതൊരു ചുടുകാടാ...
കടലും, കലാപവും
ഇവളുടെ ഇരട്ടക്കുഞ്ഞുങ്ങളാണ്.
എന്തോ..കഴിഞ്ഞ സുനാമിക്കോ...?
അല്ലല്ല...അതിനും ഒരുപാട് മുമ്പായിരുന്നു.
പക്ഷെ, ഈ മനംപിരളുന്ന ഉളുമ്പുമണം
കടലിന്റെതല്ല, കലാപത്തിന്റെതാ...

ഈ നിശബ്ദത
കുംഭകര്‍ണന്റെ പുനരവതാരമൊന്നുമല്ല
ചെറുമയക്കം മാത്രം.
പിന്നെ, പുലിഗര്‍ജ്ജനങ്ങളായി...
മ്രഗയാ വിനോദങ്ങളായി...
അപ്പോഴെങ്ങാന്‍ ഇവിടുണ്ടാകണം ബഹുരസമാ.
മതിട്ടോ... ഇതാണതിര്...
ഇന്നത്തേതാണേ...
നാളെയത് മറ്റൊന്നാകും.
അപ്പൊ നാനൂറു രൂപ...
ഇല്ല ദുശ്ശീലങ്ങളൊന്നൂല്ല.
അരച്ചാണിന്റെ കത്തലടക്കണം,
പിന്നൊരു തോക്ക്.
പറഞ്ഞല്ലോ...മ്രഗയാ...!
ശരി വീണ്ടും കാണാം.
ധ്വനിയിതാണ്...
നമ്മള്‍ വീണ്ടും കാണില്ലാ!

2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

ഫിക്സേഷന്‍

പ്രണയം പെറ്റിട്ട പീലിക്കടിഞ്ഞൂലുകളായി
പുസ്തകാകാശങ്ങളുടെ 'ഇങ്കുബെറ്റര്‍'-ല്‍ കണ്ടുമുട്ടുമ്പോഴും
ഇടയ്ക്കിടെ തുറന്നടയുന്ന ഇണക്കപ്പിണക്കങ്ങളുടെ
അമൂര്‍ത്ത രൂപങ്ങള്‍ കണ്ട്
തൊള്ള തുറക്കുമ്പോഴും
സ്നേഹത്തിന്റെ മധുരം ഈമ്പിക്കുടിച്ച് ചിരിയൊതുക്കുമ്പോഴും
അറിഞ്ഞിരുന്നില്ല
ജീവിതത്തിന്റെ പകര്‍പ്പെഴുത്തുകളില്‍
നാമിനി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി
കയറിപ്പറ്റുമെന്നു.

ഓര്‍മ്മയുടെ മുഖപ്പത്രങ്ങളില്‍
ഓമനിച്ച നിമിഷസഞ്ജയങ്ങള്‍
തിരുത്തി നീ ഗസറ്റിറക്കും മുന്‍പേ
ഹാള്‍മാര്‍ക്ക് മുദ്രകള്‍ ഇല്ലഞ്ഞതുകൊണ്ടാകണം
നിഴലാളിപ്പടര്‍ന്ന ഹ്രദയത്തിന്റെ
അലകുകളില്‍ തുരുമ്പിന്റെ ഭാഷ കണ്ടെത്തിയനിലയില്‍
എന്റെ സ്വപ്‌നങ്ങള്‍ 'കോമ'-യിലായത്.

നിന്നെ കണ്ണുനിറയെ ചിരിപ്പിക്കാറുള്ള
മുത്തശ്ശിയുടെ "മഴവില്ലു കണ്ട് മോഹിക്കുന്നവര്‍-
കുരുടന്‍ മൂങ്ങകളായിപ്പോകും" എന്ന
'ബനാന ടോക്ക്" ഇപ്പൊ അച്ചട്ടയല്ലോ...
കിടത്തിപ്പൊറുപ്പിക്കാഞ്ഞതുകൊണ്ടാകും
ഓര്‍മ്മയുമെന്നെ ഇട്ടേച്ചുപോയി.

കടത്തിണ്ണയില്‍ ഏകാന്തത പിടിച്ച്
പടംപോലിരിക്കുന്ന 'പ്രാന്തന്‍ പൊക്കനെ'
നീയാണാദ്യം 'പിയാത്ത'-യിലേക്ക്
കലാപരമായി മോര്‍ഫിയത്...
അരികത്താരുമില്ലാത്തൊരു മണ്‍പാതയില്‍
ഓര്‍മ്മകളാല്‍ ഞാനുമാ 'പിയാത്ത'യിലേക്ക്
ഉയര്‍ന്ന ഡോസില്‍ കുത്തിവയ്ക്കപ്പെട്ടു.
വഴിക്കണ്ണുകളില്‍ വസന്തം വന്നു
തേന്‍കുരുവികള്‍ക്ക് കണിയാകുമ്പോഴും
കല്ചീളുകള്‍ക്ക് ഉന്നം കൊടുക്കുമ്പോഴും
നിന്റെ 'സ്റ്റാച്ച്യു' വിളിയെന്നെ
ഇരുട്ടിന്റെ തനിപ്പിലേക്ക് മോര്‍ഫിയിരുന്നു.

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

പ്ധും...!


ഇടിമുഴക്കത്തിന്റെ നിഴല്‍ വീണ ഓര്‍മ്മകളില്‍
ഉണര്‍ന്നു സ്ഖലനം കാത്തിരിക്കുന്ന മരീചികപോലെ
മരുഭൂമിയുടെ ആര്‍ദ്രത വിരിച്ചിട്ടൊരാകാശം.

വിരഹകാലത്ത് മേഘക്കൂട്ടില്‍ നിന്നും
വാലിനു തീ പിടിച്ച്
ചാടിയിറങ്ങിയൊരു മിന്നല്‍
തല്ലിയടിച്ച് വീണത്‌
ഉറക്കം ഞെട്ടിയുണര്‍ന്ന
പാവമൊരെണ്ണപ്പനയുടെ നിറുകയിലേക്കും.
ബാക്കിയുണ്ടോ ആവോ...
കണ്ടു പേടിച്ചിട്ടാകും
നിന്നുവിറക്കുന്നൊരു കള്ളിമുള്‍ച്ചെടി.

കരയെ വാരിപ്പിടിക്കാനാഞ്ഞപ്പോള്‍
തീ മണലില്‍ നിന്ന് പൊള്ളിയ
കൈപ്പടം വലിച്ചു വെപ്രാളപ്പെടുന്ന തിരകളെ
കഴുത്തിനുപിടിച്ച് മുക്കിക്കൊണ്ട് മുരളുന്ന കടല്‍.

നിലാവിന്റെ കൊമ്പുകളില്‍
പ്രണയമൊഴിഞ്ഞ പ്രാവ്'ഇണ'കള്‍
മൌനത്തിന്റെ കൈവഴികളില്‍ കൂടൊരുക്കുന്നു.
"അടുത്തെങ്ങോ ഒരു ഹ്രദയം
ഉറുമ്പരിച്ചു കിടപ്പുണ്ടെ"ന്ന്
നിഴല്ചാരി വിയര്‍പ്പാറ്റിയിരിക്കുന്ന രാത്രിയോട്‌
മൂക്കുവിടര്‍ത്തി ശവംനാറിപ്പൂക്കള്‍
ഇതിനിടയിലാവും നിഴല്‍-വെളിച്ചങ്ങളുടെ
ഇടനാഴികടന്നു നിലാവിലെങ്ങനെയോ
കച്ചകെട്ടിയ നിഴലുമായി കയറിപ്പറ്റിയൊരു കയര്‍
എങ്ങോ ചുറ്റിനിന്ന് പതുക്കെ...
പ്ധും...!

ഉളുപ്പില്ലാതെ കണ്ടുനില്‍ക്കാന്‍ അറപ്പില്ലാഞ്ഞ്
ആരുമതത്ര ഗൌനിക്കാന്‍ പോയില്ല
ഒടുവില്‍ ഉഷ്ണമേഘങ്ങളില്‍
കഴുത്തു കുരുങ്ങിയ നിലയില്‍
കണ്ടെത്തിയ മഴയേം കൊണ്ട്
കാറ്റാവഴി വന്നപ്പോഴേക്കും
ഒടുവിലത്തെ മിടിപ്പുമെടുത്തു
സമയമതിന്റെ വഴിയെ പോയതോണ്ടാവും
കയര്‍ അനക്കം മുട്ടിയിരുന്നു...!!

2010, ഏപ്രിൽ 3, ശനിയാഴ്‌ച

ഒരു പരിഭവ ക്കുറിപ്പ്‌


പ്രിയനേ...
വെന്തുറഞ്ഞ
നിന്റെ ഹ്രദയം
എന്റെ പനിച്ചുപൊള്ളുന്ന
നിറുകയില്‍ നനച്ചിട്ടത്‌
നാമിരുവരുടെയും
ഉഷ്ണശാന്തിക്കാണല്ലോ.

നിന്റെ ഉഷ്ണദിനങ്ങളുടെ
ഉര്‍വരതയിലാണ്
ഞാനൊരു
മഴമരമായതും
മാമ്പൂവായി തളിരിട്ടതും.

കുളിര്‍മഴയായി
നീയെന്നെ
പുണര്‍ന്നപ്പോള്‍
വിയര്‍പ്പുഗന്ധം
ഉയര്‍ന്നു പൊന്തിയ
രോമാഞ്ചം
നിന്റെ ഹരമാണ്
എന്നെനിക്കറിയാം.

പ്രണയം ഭ്രാന്തിന്റെ
ഇണയായപ്പോള്‍
എന്റെ നഗ്നതയുടെ
നിഴല്‍ മണത്തറിഞ്ഞ
നിന്റെ വെയില്‍ക്കണ്ണുകള്‍
നീരുണങ്ങിയ എന്റെ
ഇരുവിരല്‍ പാത്തികളില്‍
പെയ്തിറങ്ങിയതും
കിതച്ച് ഒട്ടി
പകച്ചകന്നതും
ഇന്നലെയാണെന്നു
തോന്നിപ്പോകുന്നു.

സ്നേഹം, മൌനം,
ധ്യാനം, അനുഭൂതി,
അതായിരുന്നു
ആ ദിനരാത്രങ്ങള്‍
നമുക്കായി കുടഞ്ഞിട്ടത്.

എന്റെ മാസക്കുളി തെറ്റിയ വിവരം
കാറ്റ് മുഖേനയറിഞ്ഞിട്ടും
കൈ നിറയെ
കാര്‍മേഘങ്ങളുമായി
നീയെന്തെ എന്നെ
കാണാന്‍ വരാഞ്ഞത് ?

പ്രാണന്‍ മുറിഞൊലിക്കുന്ന കൊടുംചൂടില്‍
നിഴല്‍ത്തുണയില്ലാതേറെക്കനത്ത്‌ നിന്നപ്പോള്‍
തികച്ചും പ്രണയാതുരമായി
നീയൊന്നുണര്‍ന്നു പെയ്തിരുന്നെങ്കില്‍
നിന്റെ നിഴലിലുറങ്ങുന്ന
എന്റെ അടിവേരുകള്‍
വരള്‍ക്കാലങ്ങള്‍ പുകച്ച
ഇടിമുഴക്കങ്ങളോട് സന്ധി ചേരില്ലായിരുന്നു.

നിന്റെ മേഘങ്ങളില്‍
പനിച്ചുറങ്ങുന്ന മിന്നല്കൊടി
എന്റെ മഴക്കാടുകളില്‍
ഒരു വെളിപാടുപോലെ
ദഹിച്ച് ഒടുങ്ങില്ലായിരുന്നു.

ദേ, ഇന്നെന്റെ
മനസ്സുറങ്ങുന്ന
വേദാന്തങ്ങള്‍
അര്‍ത്ഥങ്ങളുടെ ശവപ്പറമ്പായതും
നിയില്ലാത്ത ഉഷ്ണം കൊണ്ടാണ്.

അത്രമേല്‍ അസഹ്യമാണീ
വിരഹതാപം.

വരണ്ട വാര്‍ഷിക-വലയമെന്‍
വന്മരങ്ങളില്‍ വരിയുടക്കുമ്പോള്‍
തിരണ്ടി നില്‍ക്കുന്ന
മഴക്കാറ്റുകൊണ്ടാ മുറിവുണക്കാമോ...?
...
എന്ന്,
അങ്ങയുടെ സ്വന്തം ഭൂമി.

ട്രാഫിക്-ബേ വരയുന്നത്


ഭാവനകളുടെ നിറവില്‍
നിഴലായി നില്‍ക്കുന്ന
മരത്തില്‍ നിന്ന് തുടങ്ങണം.

കൊളോണുകളുടെ മണത്തില്‍
മയങ്ങി വിരിയുന്ന
പ്ലാസ്റ്റിക് പൂക്കളും
കാറ്റ് തൊട്ടറിയാത്ത
തെര്‍മോകോള്‍ ഇലകളുടെ
കിരുകിരുപ്പുമുള്ള മരമാവണം;
അതിലേക്കിനിയൊരു വഴി വരയണം.

മങ്ങിത്തെളിയുന്ന നിഴലില്‍
പൂച്ച എലിയെ തിരയുന്ന
സീബ്ര-ലൈനുകളില്‍ നിന്നും;
മുറിച്ചെടുത്തൊരു ഫ്ലക്സ്-ബോര്‍ഡ്
വേണമെങ്കില്‍ ഓരത്തു വയ്ക്കാം.
പക്ഷെ, ശ്രദ്ധയില്‍പെടാന്‍ ഇടയില്‍
സ്പോന്‍സെര്‍ഡു പരസ്യത്തിന്റെ
കിടിലന്‍ 'ഗ്ലാമര്‍' തിരുകണം.
സുഗന്ധം കായ്ക്കുന്ന
ഷാമ്പൂ-സാഷേകളാവും
തലങ്ങും വിലങ്ങും
സിഗ്നല്‍ തരിക.

ഇരുട്ടിന്റെ പകലുറക്കത്തില്‍
ഈച്ചയാര്‍ക്കുന്ന കൈവഴികളില്‍
ഉറുമ്പ്-പടകള്‍ മുദ്രാവാക്യങ്ങളോടെ
ഷഡ്പദങ്ങളുടെ ജഡമെടുത്ത് പോകണം.

ഞാന്നുകിടക്കുന്ന കരിവള്ളികളില്‍
കടന്നലുകള്‍ മൂളിപ്പറക്കണം.
വിഹഗവീക്ഷണത്തിനായി
സര്‍ക്യൂട്ട്-ക്യാമറ വയ്ക്കാന്‍
കിളിക്കൂടുള്ളോരു ശിഖരം മുറിക്കണം.
അതില്‍ നിന്നാവണം
ചോരമണം ഇഴഞ്ഞിറങ്ങേണ്ടത്.
അതിനും താഴെ നിരയിടുന്നത്
ചോരകുടിയന്‍ വാവലുകളുടെ
ചിറകടികളാവണം.

വന്ധ്യാകാശത്തെ നോക്കി
വടവൃക്ഷം ഇടക്കൊന്നു
കൊഞ്ഞനം കുത്തുമ്പോള്‍
മറിഞ്ഞുവീഴാതിരിക്കാന്‍
ഭൂമിയുടെ അണ്ണാക്കിലേക്ക്
ഒരു നെടുങ്ങന്‍ പൈലിറക്കണം.
വേരുകള്‍ മുഴുത്ത ബോള്‍ട്ടിട്ടു മുറുക്കണം.
അറിയാമല്ലോ...
എതവനാ ഇനിയിത്
പിഴുതെറിയുകയെന്നു...
ഹമ്പടാ...

2010, മാർച്ച് 25, വ്യാഴാഴ്‌ച

.

ഒറ്റപ്പെടലിന്റെ മേല്‍വിലാസം

ശബ്ദങ്ങളുടെ നിറഭേദങ്ങള്‍ക്കപ്പുറത്ത്
കാഴ്ചകളുടെ ഹുങ്കാരങ്ങള്‍ക്കപ്പുറത്ത്
അരികത്താരുമില്ലാത്ത അരികുകളില്‍
ഒറ്റക്കൊന്നൊറ്റപ്പെടണം
ആപ്പോഴറിയാം അതിന്റെ സുഖം.

കാഴ്ച്ചയുടെ പരിധികളില്‍നിന്ന്
കേള്‍വിയുടെ കടുപ്പങ്ങളില്‍നിന്ന്
വ്യവസ്ഥകളില്ലാതെ ഒഴിഞൊതുങ്ങുമ്പോഴാണ്
താനെങ്ങനെ 'ഞാന്‍' മാത്രമായെന്നറിയുക.

വഴി പറയാതെ ഇരുട്ടിലേക്ക് നടന്നറിയണം
പകലില്‍നിന്ന് അകല്‍ച്ചകള്‍ പിടിച്ചെടുക്കണം
അതിന്റകത്തളങ്ങളില്‍ തനിച്ചൊരു
മുറിയൊരുക്കണം.

ഒടുക്കം, ഒരുവനൊന്നൊറ്റപ്പെടാന്‍
കപടം ഈ ലോകത്ത്
ഒരായിരം കനത്ത കടമ്പകള്‍
കഷ്ടം, കടന്നൊളിക്കണം!

കാഫ്ക്കയും, കാമുവും, കൈക്കഗാറും
അസ്ഥിയെടുക്കാത്ത അരികുപറ്റി
അരികിനുമറിയാത്ത ആഴത്തില്‍
അര-ചാണ്‍ വട്ടത്തില്‍
ഈച്ച കടക്കാത്ത തനിപ്പില്‍
ഇനിമുതല്‍ പനിച്ചിരിക്കണം.

അല്ലെങ്കിലും, ഒറ്റപ്പെടുന്നവനല്ലേ
തന്റെ നിഴലളക്കാനറിയൂ
അതിലൊരു കടല്‍ വരക്കാനറിയൂ
അതിലൊരു തുഴപിടിക്കാനും
തനിച്ചടിഞ്ഞ്, ഒടുങ്ങാനുമറിയൂ...

2010, മാർച്ച് 23, ചൊവ്വാഴ്ച

ഒരു സ്ഥിരം ആല്‍ബം


നീലയില്‍
ചുവപ്പരണ്ടമഞ്ഞ

വിയര്‍ത്തുണങ്ങുന്ന ക്യാന്‍വാസ്...
"ആവര്‍ത്തനങ്ങളുടെ ദുരന്തം"
അതില്‍ കോറിയിടുന്ന
പെണ്‍കുട്ടിയിലായിരിക്കണം ആദ്യ ഫ്രൈം.
പാര്‍ശ്വവല്ക്രതരാണ്
ചുവരിലെ പല്ലി,
കറുത്ത ചാവാലി പൂച്ച എന്നിവ.
പകരം ഫ്രൈമിലേക്ക്
ഇരുള്‍-വെളിച്ചങ്ങളുടെ
"ശ്യുറാസ്‌ക്യൂറോ"-യില്‍
നീല രക്തം നനഞ്ഞുറുന്ന കണ്ണുകള്‍,
പൊട്ടിവീഴുന്ന മുത്തുമാല,
ചില്ലുപാത്രത്തിലെ
തുടിക്കുന്ന വര്‍ത്തുളതയില്‍
ഒരു സ്വര്‍ണ്ണമത്സ്യം
തെളിഞ്ഞു മങ്ങുന്നത്...
അതങ്ങിനെ വിവിധ ആങ്കിളുകളില്‍
ഒട്ടിനില്‍ക്കണം.
ഇനി "സൂം" പോകേണ്ടത്
മേശപ്പുറത്തെ കോളര്‍-ട്യുണിലേക്ക്.
നടുക്കം,
ചെവിയിലൂടെ വായിച്ചെടുത്തെക്കണം.
ഡിസോള്‍വ്:
ഇരുളിന്റെ ചെവിടടപ്പിക്കുന്ന ഒച്ച
പാളങ്ങളില്‍ കിതച്ചോടുങ്ങുന്നേരം
അവനിലെ അപ്രാപ്യമായ സ്നേഹദൂരങ്ങളില്‍
ഒരു വേള അവളോട്‌
നിഴലിന്റെ മൗനം പുരണ്ട
അലര്‍ച്ചയായത്...
"വ്യര്‍ഥമായ ഈ ആവര്‍ത്തനങ്ങള്‍ എന്തിനായിരുന്നു...?"
ഷാര്‍പ്പ് കട്ട്:

നിഴല്‍ പിരിയുന്ന വഴിയില്‍
മറവുചെയ്യപ്പെട്ട ഒരു ചോദ്യത്തിന്റെ
ശേഷിപ്പുകള്‍ക്ക് അടിക്കുറുപ്പ് എഴുതിയത്
ബ്രഷ് ഒളിച്ചിട്ട വഴികളില്‍
കടും ചുവപ്പ് ചേര്‍ന്ന ചായങ്ങളുടെ ആലക്തികത.

സാക്ഷി:
നിഴല്മുനകളില്‍ പമ്മി മേയുന്ന
ചൂട്ടുവെളിച്ചതില്‍
അതുവഴി പോയ
"ആവര്‍ത്തനങ്ങളുടെ ദുരന്തം" കണ്ട
ഒരു വഴിപോക്കന്‍.
ഇനിയൊരു ഫ്ലാഷ്ബാക്ക്...
പഴകി നീലിച്ച ഈര്‍പ്പം
പൊതിഞ്ഞുപിടിച്ച
സെപിയ ഫ്രെയ്മില്‍
അസ്ഥികളെ കിടുകിടുപ്പിച്ചു
കുളിരൂതുന്ന ശൈത്യകാലം.
നഖമുനകള്‍ക്കും പനിനീര്‍പൂവിനും
ഇടയില്‍ കുടുങ്ങി വിറപൂണ്ട ഒരു പ്രണയം
കണ്ണില്‍ ഒരുങ്ങി നില്‍ക്കുന്ന മഴയില്‍,
ഒരു വിറവാക്കില്‍
അവനെക്കൊണ്ട്‌ അഴിച്ചെടുപ്പിച്ചത്
ഉന്മാദത്തിന്റെ വയലറ്റ് പൂവുകള്‍
മറ്റൊരു നിറ ചാര്‍ത്തില്‍
ഒരു മന്ദസ്മിതത്തില്‍ കുതിര്‍ന്നു മരവിച്ചത്‌
കിനാവിന്റെ മൗന-സൈകതങ്ങള്‍ പിന്നെ,
ഏതോ നിശ്വാസക്കാറ്റില്‍
കൊഴിഞ്ഞു തകര്‍ന്നത്
ഒടുവിലൊരു പ്രളയം
എല്ലാം തുടച്ചെടുത്തത് !!
ബ്ലര്‍...
മതി, കട്ട്...!!

2010, മാർച്ച് 22, തിങ്കളാഴ്‌ച

സ്കൂള്‍-ബസ്‌


സ്കൂള്‍-ബസ്‌
നഴ്സറിയില്‍ നിന്നും "ശോഭന"യിലേക്കുള്ള
ദൂരം ഒരു ബസ് കൊണ്ട് ചേര്‍ത്തുകെട്ടിയതാണ്‌.
ഞ്ഞൂഞ്ഞിന്റൊപ്പം
റബ്ബര്‍ മരങ്ങളുടെ നിഴല്കാനങ്ങളില്‍
വെയില്‍പറ്റങ്ങള്‍ തുന്നിയിട്ട നൂല്‍വഴി
കാറ്റിനൊപ്പം എത്തിപ്പിടിച്ചാല്‍
അതിന്ററ്റത്തു അന്ത്രമാനിക്കാന്റെ
'ഹാജറ' ഹാജറാണ്.
ബസിന്റെ അനന്തമായ
ചരിഞ്ഞാട്ടങ്ങളുടെ ഇരപ്പില്‍
"ടൈ" മുറുകിയ കഴുത്തഴിക്കാന്‍ നോക്കുമ്പോള്‍
എന്നും ഓക്കാനം വരുന്ന "ചെയ്ത്താന്‍ മുക്ക്".
ഇത്തിരിപ്പോന്ന "ബാര്‍ബി"-കളെയും
ഒക്കത്തൊതുക്കി 'ജിഷ'-ച്ചെച്ചിക്ക്
ബാഗുകള്‍ക്കൊപ്പം ലോഹ്യങ്ങളും കൈമാറുന്നുണ്ടാകും
ചില ദൈര്‍ഘ്യമേറിയ സ്റ്റോപ്പുകള്‍.
സമയാസമയങ്ങളില്‍ ചര്‍ദ്ദിലിന്റെ
ഷട്ടറിട്ട പശ്ചാത്തലം
ഉഷ്ണം ഉഷ്ണേന ശാന്തി എന്നപോലെ
ഇടയ്ക്ക് "കീ" കൊടുത്തുവച്ച കരച്ചിലുകള്‍.
ഗള്‍ഫ്‌ ഡാഡിയും,
ബെര്‍ത്ത്‌-ഡേ വിശേഷങ്ങളുടെ
പാഞ്ഞുനടക്കുന്ന "ക്യാരാമില്‍ക്കും"
കൌതുകം കൊണ്ടാണ് കണ്ണിലൊട്ടുക.
'മെല്‍വി'-ന്റെ ബ്ലാ...ബ്ലാ കാണുമ്പോള്‍
അവന്റെ ചേച്ചിമാരെപ്പോലെ അവനും
ആണ്‍-വേഷം കെട്ടിയ പെണ്ണാണ്
എന്നാണു തോന്നുക.
കോഴിപ്പള്ളി പാലം കടന്നാല്‍
കുടം പിടിച്ചൊരു പെണ്ണ്
കാവല്‍ നില്‍ക്കുന്ന വാട്ടറതോരറ്റി.
ഇനിയാണ് റഫ്-ബുക്കിന്റെ ബ്ലാങ്കിലേക്ക്
'ബേസിലി'-നെയും, ഉറങ്ങുന്ന
"പോണി-ടെയിലിനെ"യും പകര്‍ത്തേണ്ടത്.
അവനവിടെ കുടിയേറാന്‍ തുടങ്ങുമ്പോള്‍ ആകും
ഹോം-വര്‍ക്കിന്റെ രൂപത്തില്‍
മറവി മിന്നായംപോലെ
സ്കറിയാ സാറിന്റെ ചൂരലിലേക്ക് മുറിച്ചുകുത്തുക.
ഹോ... സമാധാനം...
ഫീസടക്കാത്തവന്റെ കണക്കുകള്‍
ക്ലാസ്സിന്റെ അരികുകള്‍ക്കും അപ്പുറത്താണല്ലോ,
നാളെ മുതല്‍ ഈ ബസിന്റെയും...!

2010, മാർച്ച് 9, ചൊവ്വാഴ്ച



മരണം മുളക്കുന്ന നാട്*

മണവാട്ടികള്‍
തെരുവില്‍ പടര്‍ന്ന ചോരകൊണ്ട്
മെഹന്ദി വരയ്ക്കുന്ന,
ചാരം കൊണ്ട്
കണ്ണ് എഴുതുന്ന
ഒരു നാടിനെപ്പറ്റി
നിങ്ങള്‍ കേട്ടിട്ടുണ്ടോ ?
മരണം പെയ്യുന്ന ഹേമന്തം
അവരുടെ
നഗ്നാസ്തികളില്‍
അള്ളിപിടിച്ച്
കുളിരൂതും
ഇവിടെ എല്ലാവരും
കണ്ണുനീരില്‍ വിശ്വസിക്കുന്നു
വിട ചൊല്ലുമ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍;
പുന:സമാഗമത്തിന്
രണ്ടിറ്റ്‌ കണ്ണുനീര്‍.
ഇവിടെ
പുലരിയെന്നും
അതിന്റെ
കട്ടിഞ്ഞരംബുകളില്‍
ഇടനെഞ്ഞുതകര്‍ന്ന പൂമൊട്ടുകള്‍
കണ്ടെത്താറുണ്ട്
യഹൂദരുടെ ബയണറ്റുകളെ
ഉരുളം കല്ലു കൊണ്ടെതിരിട്ട
**അബാബീലുകളുടെ
കൊച്ചു ചക്രവാളം
നമ്മുടെ നിഷ്ക്രിയത്വത്തെ
കൊഞ്ഞനം കുത്തുമ്പോഴും
രാത്രിയെഴുതിയ
ചുവന്ന കവിതയില്‍
ഇവിടെന്നും
***മയ്യിത്ത്‌ നമസ്ക്കാരത്തിനായി
ഇരുണ്ടു വെളുക്കാരുണ്ടാത്രേ...!!

*ഫലസ്തീന്‍ ജനത
**അബാബീല്‍ പക്ഷികള്‍: ഒരു ആനപ്പടയെ ദൈവം അബാബീല്‍ എന്ന് പേരുള്ള ഒരു തരം പക്ഷികളെ കൊണ്ട് കല്ലെറിഞ്ഞു നശിപ്പിച്ചു.
***മയ്യിത്ത്‌ നമസ്ക്കാരം: മരണാനന്തര പ്രാര്‍ത്ഥന.

2010, മാർച്ച് 5, വെള്ളിയാഴ്‌ച


നിഴല്‍ കൂത്ത്‌
നിഴലുറങ്ങുന്ന
ഉറുമ്പിന്‍ കൂട്ടിനരുകില്‍നിന്നു
കാറ്റിന്റെ സീല്‍ക്കാരങ്ങളെ പിന്തുടര്‍ന്ന്
ഉണരാന്‍ കിടക്കുന്ന
നഗരത്തിന്റെ നിഴല്‍പറ്റി
വിശപ്പിന്റെ വിയര്‍പ്പാറ്റാന്‍
ഇരുട്ടിന്റെ മറപ്പുരയിലേക്ക്
ഞാന്‍ വഴുതിയിറങ്ങുമ്പോള്‍
മുറിയില്‍,
പാവപോലെ തുള്ളിയിളകുന്ന
പഴന്തുണിക്കെട്ടിന്റെ നിഴലാട്ടമല്ലാതെ
മറ്റൊന്നുമെന്നെ
തടഞ്ഞില്ല.

ആ ചത്വരത്തിന്റെ മൂലയില്‍ നിന്നും
പെയ്തൊഴിയാന്‍ കാത്തിരുന്ന
മഴപോലുടനെ
ഒരു ചെറുപ്പക്കാരന്‍ പാടാന്‍ തുടങ്ങി
സത്യമായും ഞാന്‍ തയ്യാറെടുത്തിരുന്നില്ല.

എന്തുകൊണ്ടോ അയാളുടെ വാക്കുകള്‍
എന്റെ അസ്ഥികളെ കിടുകിടുപ്പിച്ചു.

എന്റെ ജീവിതമായിരുന്നു അയാള്‍ പാടിയത്
എന്റെ സ്വപ്നങ്ങളായിരുന്നു മന്ദ്രിച്ചത്
എന്റെ ഉള്ളില്‍ തിക്കുമുട്ടുന്ന
വേദനയില്‍ വിരല്‍മുക്കി
അയാളൊരു ചിത്രം വരയ്ക്കുകയാണ്,
എന്റെ മൃത വികാരങ്ങള്‍ക്ക്
അഞ്ജലിയായിട്ടെന്നപോലെ...

എന്റെ ചിന്താക്കുഴപ്പം
അയാളുടെ സ്വരത്തില്‍ നിറഞ്ഞപോലെ...
എന്റെ എല്ലാ ബലഹീനതകളും
മൂടിവെച്ച ആനന്ദങ്ങളും
നഗ്നമാക്കികൊണ്ട്
എന്റെ സ്വസ്ഥാസ്വസ്ഥതകള്‍ ഏറ്റെടുത്ത്‌
ഒരു സൂഫിയെപോലെ
എല്ലാം മറന്നയാള്‍ പാടുകയാണ്.

അയാളുടെ മുറുകിയ തന്ദ്രികളില്‍
ഞാനൊരു കൂത്ത്‌ പാവയായി
ഒടുവില്‍, മഴയുടെ നിഴലില്‍
വിളക്കുകാലുകളുടെ
വെയില്‍പറ്റിനിന്ന ആ ശബ്ദം
ഒരു വാളായെന്നെ
മുറിച്ചു കുത്തിയപ്പോള്‍
സഹികെട്ട്, ഞാന്‍
അകത്തുകടന്നു വാതിലടച്ചു.

ശരീരത്തില്‍ പൂശിയ
സുഗന്ധ ലേപനങ്ങള്‍ക്കപ്പോള്‍
പഴകി നാറുന്ന ഏതോ ശവത്തിന്റെ
വിയര്‍പ്പുഗന്ധമായിരുന്നു.

കൂത്തുകാരി
കടന്നു കളഞ്ഞതിനാലാകാം
നിശബ്ദത തല്ലിപ്പിടക്കുന്ന
മുറിയുടെ ഇരുണ്ട മൂലയില്‍
അനക്കം നിലച്ചൊരു
തൊട്ടില്‍,
അരികിലനത്തിവെച്ച
ഉപ്പുനീര്
ഇതിനകം തട്ടിമറിഞ്ഞ്
ഉറുമ്പരിച്ചു
ആറിത്തണ്‌ത്തിരുന്നു.
ഈ ഒന്നാണോ ആ ഒന്ന്...??


ഒന്നിനൊന്നോടു
വേറിട്ടൊരു ഒന്ന്‌
തോന്നിയാല്‍
ഉപമിക്കാനാവില്ലതിനെ
മറ്റൊന്നിനോട്
അത് പ്രണയം.

എങ്കില്‍...
എനിക്കറിയാം,
നീ വിചാരിച്ചിരുന്ന
ഒന്നായിരുന്നില്ല ഞാന്‍.
എനിക്കറിയാം,
ഈ പ്രകടനമത്രയും
പ്രകടമായത്,...
രണ്ട്‌ മാത്രമായിരുന്നെന്ന്.
ഞാന്‍ ഉദ്ദേഷിച്ചതെന്തോ
അതായിരുന്നില്ല ഞാന്‍
ഞാന്‍ കണ്ട സ്വപ്നങ്ങള്‍
അതായിരുന്നില്ല നീ
പിന്നെന്തിനു ഞാനിത്ര
അസ്വസ്ഥനാകണം?

നീ തേടിയത്
കിട്ടിയെന്നു പ്രതീക്ഷിച്ചു
നിന്റെ പ്രതീക്ഷ
ഞാനായിരുന്നെന്നും പ്രതീക്ഷിച്ചു
പക്ഷെ...
ഞാനത് ആയിരുന്നില്ല
ഇനിയൊരിക്കലും
ആയിരിക്കുകയുമില്ല...
നീയാഗ്രഹിച്ചതും,
നീ തേടിയതും.

ഇപ്പോള്‍
എല്ലാം കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍
പകലറിവ് പോല്‍ ഒന്നറിയുന്നു
ഒന്നും ഞാനുമൊന്നാണെന്ന്...
വെറുമൊരു ഒന്നല്ലാതെ,
ഒന്നുമല്ലാത്ത
ഒന്നില്‍നിന്ന്
ഒരൊന്നെടുത്താല്‍
ഒന്നുമില്ലേ?
അങ്ങനെയെങ്കില്‍...
ഇനിയാ
പ്രണയത്തിന്റെ ഒന്ന്
ഇതെങ്ങാനുമാണോ ആവോ...??