Popular Posts

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

പ്ധും...!


ഇടിമുഴക്കത്തിന്റെ നിഴല്‍ വീണ ഓര്‍മ്മകളില്‍
ഉണര്‍ന്നു സ്ഖലനം കാത്തിരിക്കുന്ന മരീചികപോലെ
മരുഭൂമിയുടെ ആര്‍ദ്രത വിരിച്ചിട്ടൊരാകാശം.

വിരഹകാലത്ത് മേഘക്കൂട്ടില്‍ നിന്നും
വാലിനു തീ പിടിച്ച്
ചാടിയിറങ്ങിയൊരു മിന്നല്‍
തല്ലിയടിച്ച് വീണത്‌
ഉറക്കം ഞെട്ടിയുണര്‍ന്ന
പാവമൊരെണ്ണപ്പനയുടെ നിറുകയിലേക്കും.
ബാക്കിയുണ്ടോ ആവോ...
കണ്ടു പേടിച്ചിട്ടാകും
നിന്നുവിറക്കുന്നൊരു കള്ളിമുള്‍ച്ചെടി.

കരയെ വാരിപ്പിടിക്കാനാഞ്ഞപ്പോള്‍
തീ മണലില്‍ നിന്ന് പൊള്ളിയ
കൈപ്പടം വലിച്ചു വെപ്രാളപ്പെടുന്ന തിരകളെ
കഴുത്തിനുപിടിച്ച് മുക്കിക്കൊണ്ട് മുരളുന്ന കടല്‍.

നിലാവിന്റെ കൊമ്പുകളില്‍
പ്രണയമൊഴിഞ്ഞ പ്രാവ്'ഇണ'കള്‍
മൌനത്തിന്റെ കൈവഴികളില്‍ കൂടൊരുക്കുന്നു.
"അടുത്തെങ്ങോ ഒരു ഹ്രദയം
ഉറുമ്പരിച്ചു കിടപ്പുണ്ടെ"ന്ന്
നിഴല്ചാരി വിയര്‍പ്പാറ്റിയിരിക്കുന്ന രാത്രിയോട്‌
മൂക്കുവിടര്‍ത്തി ശവംനാറിപ്പൂക്കള്‍
ഇതിനിടയിലാവും നിഴല്‍-വെളിച്ചങ്ങളുടെ
ഇടനാഴികടന്നു നിലാവിലെങ്ങനെയോ
കച്ചകെട്ടിയ നിഴലുമായി കയറിപ്പറ്റിയൊരു കയര്‍
എങ്ങോ ചുറ്റിനിന്ന് പതുക്കെ...
പ്ധും...!

ഉളുപ്പില്ലാതെ കണ്ടുനില്‍ക്കാന്‍ അറപ്പില്ലാഞ്ഞ്
ആരുമതത്ര ഗൌനിക്കാന്‍ പോയില്ല
ഒടുവില്‍ ഉഷ്ണമേഘങ്ങളില്‍
കഴുത്തു കുരുങ്ങിയ നിലയില്‍
കണ്ടെത്തിയ മഴയേം കൊണ്ട്
കാറ്റാവഴി വന്നപ്പോഴേക്കും
ഒടുവിലത്തെ മിടിപ്പുമെടുത്തു
സമയമതിന്റെ വഴിയെ പോയതോണ്ടാവും
കയര്‍ അനക്കം മുട്ടിയിരുന്നു...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ