Popular Posts

2010, ഏപ്രിൽ 3, ശനിയാഴ്‌ച

ട്രാഫിക്-ബേ വരയുന്നത്


ഭാവനകളുടെ നിറവില്‍
നിഴലായി നില്‍ക്കുന്ന
മരത്തില്‍ നിന്ന് തുടങ്ങണം.

കൊളോണുകളുടെ മണത്തില്‍
മയങ്ങി വിരിയുന്ന
പ്ലാസ്റ്റിക് പൂക്കളും
കാറ്റ് തൊട്ടറിയാത്ത
തെര്‍മോകോള്‍ ഇലകളുടെ
കിരുകിരുപ്പുമുള്ള മരമാവണം;
അതിലേക്കിനിയൊരു വഴി വരയണം.

മങ്ങിത്തെളിയുന്ന നിഴലില്‍
പൂച്ച എലിയെ തിരയുന്ന
സീബ്ര-ലൈനുകളില്‍ നിന്നും;
മുറിച്ചെടുത്തൊരു ഫ്ലക്സ്-ബോര്‍ഡ്
വേണമെങ്കില്‍ ഓരത്തു വയ്ക്കാം.
പക്ഷെ, ശ്രദ്ധയില്‍പെടാന്‍ ഇടയില്‍
സ്പോന്‍സെര്‍ഡു പരസ്യത്തിന്റെ
കിടിലന്‍ 'ഗ്ലാമര്‍' തിരുകണം.
സുഗന്ധം കായ്ക്കുന്ന
ഷാമ്പൂ-സാഷേകളാവും
തലങ്ങും വിലങ്ങും
സിഗ്നല്‍ തരിക.

ഇരുട്ടിന്റെ പകലുറക്കത്തില്‍
ഈച്ചയാര്‍ക്കുന്ന കൈവഴികളില്‍
ഉറുമ്പ്-പടകള്‍ മുദ്രാവാക്യങ്ങളോടെ
ഷഡ്പദങ്ങളുടെ ജഡമെടുത്ത് പോകണം.

ഞാന്നുകിടക്കുന്ന കരിവള്ളികളില്‍
കടന്നലുകള്‍ മൂളിപ്പറക്കണം.
വിഹഗവീക്ഷണത്തിനായി
സര്‍ക്യൂട്ട്-ക്യാമറ വയ്ക്കാന്‍
കിളിക്കൂടുള്ളോരു ശിഖരം മുറിക്കണം.
അതില്‍ നിന്നാവണം
ചോരമണം ഇഴഞ്ഞിറങ്ങേണ്ടത്.
അതിനും താഴെ നിരയിടുന്നത്
ചോരകുടിയന്‍ വാവലുകളുടെ
ചിറകടികളാവണം.

വന്ധ്യാകാശത്തെ നോക്കി
വടവൃക്ഷം ഇടക്കൊന്നു
കൊഞ്ഞനം കുത്തുമ്പോള്‍
മറിഞ്ഞുവീഴാതിരിക്കാന്‍
ഭൂമിയുടെ അണ്ണാക്കിലേക്ക്
ഒരു നെടുങ്ങന്‍ പൈലിറക്കണം.
വേരുകള്‍ മുഴുത്ത ബോള്‍ട്ടിട്ടു മുറുക്കണം.
അറിയാമല്ലോ...
എതവനാ ഇനിയിത്
പിഴുതെറിയുകയെന്നു...
ഹമ്പടാ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ