Popular Posts

2010, മേയ് 18, ചൊവ്വാഴ്ച

ഗൈഡ് ഷിപ്പ്


വരണം, വരണം. അതെ, ലങ്ക തന്നെ
കരിവേഷങ്ങളുടെ കൂക്കുവിളികള്‍
അസ്തമിക്കാത്ത നാട്.
ഇടയ്ക്കിടെ തുള്ളിയുറയുന്ന തീ പന്തങ്ങളില്‍
ഉണരുന്ന തെയ്യങ്ങളും കാണാം.
അതെ, സമസ്തം സിംഹളമയം.
ഓ, ആ രാവണന്റെ തിരോധാനം
ഒരൊടുക്കമൊന്നുമല്ല, തുടക്കമാ.
ഹ്മ്മ... ലങ്കലക്ഷ്മിയോ...
അവളിന്നൊരു നിശാശലഭമാണ്
സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍
അവളുടെ നാഭീനാളിയില്‍
തഴമ്പിച്ചു കാണും, പതിവായില്ലേ...

നിങ്ങളൊരു പക്ഷി നിരീക്ഷകനാകും...
പക്ഷെ, ഇരുട്ട് തമ്പടിച്ചിരിക്കുന്ന
ഈ മരത്തലപ്പുകളില്‍
നിങ്ങളുടെ ദൂരദര്‍ശനികള്‍ വരച്ചെടുക്കുക
ചിലക്കാന്‍ മറന്ന പക്ഷികളെയാവില്ല
ഉറങ്ങാന്‍ മറന്ന 'പുലികളുടെ' കണ്ണുകളാകും.

ഈ സമുദ്രപാതകളില്‍
എന്നും വലിഞൊടുങ്ങുന്നത്
മഴവെള്ളമല്ല, ചോരമണമാണ്.
നിങ്ങളുടെ ദാഹം കെടുത്തുന്ന
ഈ വളപ്പൊട്ടുകളുണ്ടല്ലോ...
അത് നാണം മറന്ന ചാവേറുകളുടെതാണ്.
അവര്‍ മധുരമായി പാടുമായിരുന്നു
വനവസന്തം പോലുള്ള പാട്ടുകള്‍
നാടറിയുന്ന നാടോടിപ്പാട്ടുകള്‍.


ദേ, നോക്കീം കണ്ടും നടക്കണം
ചുമ്മാ മൈനുകള്‍ക്ക്
പണികൊടുക്കാന്‍ നോക്കരുത്.
മ്...ലങ്കാദഹനമോ...??
അത് കെട്ടുകഥയൊന്നുമല്ല
ഐതിഹ്യങ്ങളുണര്‍ന്ന ഇടമായതുകൊണ്ടാവും
ഇവിടത് എല്ലാ അധികാര-സംക്രാന്തിയിലും മുടങ്ങാതെ നടക്കും.
പറഞ്ഞുവന്നാല്‍ ഇതൊരു ചുടുകാടാ...
കടലും, കലാപവും
ഇവളുടെ ഇരട്ടക്കുഞ്ഞുങ്ങളാണ്.
എന്തോ..കഴിഞ്ഞ സുനാമിക്കോ...?
അല്ലല്ല...അതിനും ഒരുപാട് മുമ്പായിരുന്നു.
പക്ഷെ, ഈ മനംപിരളുന്ന ഉളുമ്പുമണം
കടലിന്റെതല്ല, കലാപത്തിന്റെതാ...

ഈ നിശബ്ദത
കുംഭകര്‍ണന്റെ പുനരവതാരമൊന്നുമല്ല
ചെറുമയക്കം മാത്രം.
പിന്നെ, പുലിഗര്‍ജ്ജനങ്ങളായി...
മ്രഗയാ വിനോദങ്ങളായി...
അപ്പോഴെങ്ങാന്‍ ഇവിടുണ്ടാകണം ബഹുരസമാ.
മതിട്ടോ... ഇതാണതിര്...
ഇന്നത്തേതാണേ...
നാളെയത് മറ്റൊന്നാകും.
അപ്പൊ നാനൂറു രൂപ...
ഇല്ല ദുശ്ശീലങ്ങളൊന്നൂല്ല.
അരച്ചാണിന്റെ കത്തലടക്കണം,
പിന്നൊരു തോക്ക്.
പറഞ്ഞല്ലോ...മ്രഗയാ...!
ശരി വീണ്ടും കാണാം.
ധ്വനിയിതാണ്...
നമ്മള്‍ വീണ്ടും കാണില്ലാ!