Popular Posts

2010, മാർച്ച് 25, വ്യാഴാഴ്‌ച

.

ഒറ്റപ്പെടലിന്റെ മേല്‍വിലാസം

ശബ്ദങ്ങളുടെ നിറഭേദങ്ങള്‍ക്കപ്പുറത്ത്
കാഴ്ചകളുടെ ഹുങ്കാരങ്ങള്‍ക്കപ്പുറത്ത്
അരികത്താരുമില്ലാത്ത അരികുകളില്‍
ഒറ്റക്കൊന്നൊറ്റപ്പെടണം
ആപ്പോഴറിയാം അതിന്റെ സുഖം.

കാഴ്ച്ചയുടെ പരിധികളില്‍നിന്ന്
കേള്‍വിയുടെ കടുപ്പങ്ങളില്‍നിന്ന്
വ്യവസ്ഥകളില്ലാതെ ഒഴിഞൊതുങ്ങുമ്പോഴാണ്
താനെങ്ങനെ 'ഞാന്‍' മാത്രമായെന്നറിയുക.

വഴി പറയാതെ ഇരുട്ടിലേക്ക് നടന്നറിയണം
പകലില്‍നിന്ന് അകല്‍ച്ചകള്‍ പിടിച്ചെടുക്കണം
അതിന്റകത്തളങ്ങളില്‍ തനിച്ചൊരു
മുറിയൊരുക്കണം.

ഒടുക്കം, ഒരുവനൊന്നൊറ്റപ്പെടാന്‍
കപടം ഈ ലോകത്ത്
ഒരായിരം കനത്ത കടമ്പകള്‍
കഷ്ടം, കടന്നൊളിക്കണം!

കാഫ്ക്കയും, കാമുവും, കൈക്കഗാറും
അസ്ഥിയെടുക്കാത്ത അരികുപറ്റി
അരികിനുമറിയാത്ത ആഴത്തില്‍
അര-ചാണ്‍ വട്ടത്തില്‍
ഈച്ച കടക്കാത്ത തനിപ്പില്‍
ഇനിമുതല്‍ പനിച്ചിരിക്കണം.

അല്ലെങ്കിലും, ഒറ്റപ്പെടുന്നവനല്ലേ
തന്റെ നിഴലളക്കാനറിയൂ
അതിലൊരു കടല്‍ വരക്കാനറിയൂ
അതിലൊരു തുഴപിടിക്കാനും
തനിച്ചടിഞ്ഞ്, ഒടുങ്ങാനുമറിയൂ...

2010, മാർച്ച് 23, ചൊവ്വാഴ്ച

ഒരു സ്ഥിരം ആല്‍ബം


നീലയില്‍
ചുവപ്പരണ്ടമഞ്ഞ

വിയര്‍ത്തുണങ്ങുന്ന ക്യാന്‍വാസ്...
"ആവര്‍ത്തനങ്ങളുടെ ദുരന്തം"
അതില്‍ കോറിയിടുന്ന
പെണ്‍കുട്ടിയിലായിരിക്കണം ആദ്യ ഫ്രൈം.
പാര്‍ശ്വവല്ക്രതരാണ്
ചുവരിലെ പല്ലി,
കറുത്ത ചാവാലി പൂച്ച എന്നിവ.
പകരം ഫ്രൈമിലേക്ക്
ഇരുള്‍-വെളിച്ചങ്ങളുടെ
"ശ്യുറാസ്‌ക്യൂറോ"-യില്‍
നീല രക്തം നനഞ്ഞുറുന്ന കണ്ണുകള്‍,
പൊട്ടിവീഴുന്ന മുത്തുമാല,
ചില്ലുപാത്രത്തിലെ
തുടിക്കുന്ന വര്‍ത്തുളതയില്‍
ഒരു സ്വര്‍ണ്ണമത്സ്യം
തെളിഞ്ഞു മങ്ങുന്നത്...
അതങ്ങിനെ വിവിധ ആങ്കിളുകളില്‍
ഒട്ടിനില്‍ക്കണം.
ഇനി "സൂം" പോകേണ്ടത്
മേശപ്പുറത്തെ കോളര്‍-ട്യുണിലേക്ക്.
നടുക്കം,
ചെവിയിലൂടെ വായിച്ചെടുത്തെക്കണം.
ഡിസോള്‍വ്:
ഇരുളിന്റെ ചെവിടടപ്പിക്കുന്ന ഒച്ച
പാളങ്ങളില്‍ കിതച്ചോടുങ്ങുന്നേരം
അവനിലെ അപ്രാപ്യമായ സ്നേഹദൂരങ്ങളില്‍
ഒരു വേള അവളോട്‌
നിഴലിന്റെ മൗനം പുരണ്ട
അലര്‍ച്ചയായത്...
"വ്യര്‍ഥമായ ഈ ആവര്‍ത്തനങ്ങള്‍ എന്തിനായിരുന്നു...?"
ഷാര്‍പ്പ് കട്ട്:

നിഴല്‍ പിരിയുന്ന വഴിയില്‍
മറവുചെയ്യപ്പെട്ട ഒരു ചോദ്യത്തിന്റെ
ശേഷിപ്പുകള്‍ക്ക് അടിക്കുറുപ്പ് എഴുതിയത്
ബ്രഷ് ഒളിച്ചിട്ട വഴികളില്‍
കടും ചുവപ്പ് ചേര്‍ന്ന ചായങ്ങളുടെ ആലക്തികത.

സാക്ഷി:
നിഴല്മുനകളില്‍ പമ്മി മേയുന്ന
ചൂട്ടുവെളിച്ചതില്‍
അതുവഴി പോയ
"ആവര്‍ത്തനങ്ങളുടെ ദുരന്തം" കണ്ട
ഒരു വഴിപോക്കന്‍.
ഇനിയൊരു ഫ്ലാഷ്ബാക്ക്...
പഴകി നീലിച്ച ഈര്‍പ്പം
പൊതിഞ്ഞുപിടിച്ച
സെപിയ ഫ്രെയ്മില്‍
അസ്ഥികളെ കിടുകിടുപ്പിച്ചു
കുളിരൂതുന്ന ശൈത്യകാലം.
നഖമുനകള്‍ക്കും പനിനീര്‍പൂവിനും
ഇടയില്‍ കുടുങ്ങി വിറപൂണ്ട ഒരു പ്രണയം
കണ്ണില്‍ ഒരുങ്ങി നില്‍ക്കുന്ന മഴയില്‍,
ഒരു വിറവാക്കില്‍
അവനെക്കൊണ്ട്‌ അഴിച്ചെടുപ്പിച്ചത്
ഉന്മാദത്തിന്റെ വയലറ്റ് പൂവുകള്‍
മറ്റൊരു നിറ ചാര്‍ത്തില്‍
ഒരു മന്ദസ്മിതത്തില്‍ കുതിര്‍ന്നു മരവിച്ചത്‌
കിനാവിന്റെ മൗന-സൈകതങ്ങള്‍ പിന്നെ,
ഏതോ നിശ്വാസക്കാറ്റില്‍
കൊഴിഞ്ഞു തകര്‍ന്നത്
ഒടുവിലൊരു പ്രളയം
എല്ലാം തുടച്ചെടുത്തത് !!
ബ്ലര്‍...
മതി, കട്ട്...!!

2010, മാർച്ച് 22, തിങ്കളാഴ്‌ച

സ്കൂള്‍-ബസ്‌


സ്കൂള്‍-ബസ്‌
നഴ്സറിയില്‍ നിന്നും "ശോഭന"യിലേക്കുള്ള
ദൂരം ഒരു ബസ് കൊണ്ട് ചേര്‍ത്തുകെട്ടിയതാണ്‌.
ഞ്ഞൂഞ്ഞിന്റൊപ്പം
റബ്ബര്‍ മരങ്ങളുടെ നിഴല്കാനങ്ങളില്‍
വെയില്‍പറ്റങ്ങള്‍ തുന്നിയിട്ട നൂല്‍വഴി
കാറ്റിനൊപ്പം എത്തിപ്പിടിച്ചാല്‍
അതിന്ററ്റത്തു അന്ത്രമാനിക്കാന്റെ
'ഹാജറ' ഹാജറാണ്.
ബസിന്റെ അനന്തമായ
ചരിഞ്ഞാട്ടങ്ങളുടെ ഇരപ്പില്‍
"ടൈ" മുറുകിയ കഴുത്തഴിക്കാന്‍ നോക്കുമ്പോള്‍
എന്നും ഓക്കാനം വരുന്ന "ചെയ്ത്താന്‍ മുക്ക്".
ഇത്തിരിപ്പോന്ന "ബാര്‍ബി"-കളെയും
ഒക്കത്തൊതുക്കി 'ജിഷ'-ച്ചെച്ചിക്ക്
ബാഗുകള്‍ക്കൊപ്പം ലോഹ്യങ്ങളും കൈമാറുന്നുണ്ടാകും
ചില ദൈര്‍ഘ്യമേറിയ സ്റ്റോപ്പുകള്‍.
സമയാസമയങ്ങളില്‍ ചര്‍ദ്ദിലിന്റെ
ഷട്ടറിട്ട പശ്ചാത്തലം
ഉഷ്ണം ഉഷ്ണേന ശാന്തി എന്നപോലെ
ഇടയ്ക്ക് "കീ" കൊടുത്തുവച്ച കരച്ചിലുകള്‍.
ഗള്‍ഫ്‌ ഡാഡിയും,
ബെര്‍ത്ത്‌-ഡേ വിശേഷങ്ങളുടെ
പാഞ്ഞുനടക്കുന്ന "ക്യാരാമില്‍ക്കും"
കൌതുകം കൊണ്ടാണ് കണ്ണിലൊട്ടുക.
'മെല്‍വി'-ന്റെ ബ്ലാ...ബ്ലാ കാണുമ്പോള്‍
അവന്റെ ചേച്ചിമാരെപ്പോലെ അവനും
ആണ്‍-വേഷം കെട്ടിയ പെണ്ണാണ്
എന്നാണു തോന്നുക.
കോഴിപ്പള്ളി പാലം കടന്നാല്‍
കുടം പിടിച്ചൊരു പെണ്ണ്
കാവല്‍ നില്‍ക്കുന്ന വാട്ടറതോരറ്റി.
ഇനിയാണ് റഫ്-ബുക്കിന്റെ ബ്ലാങ്കിലേക്ക്
'ബേസിലി'-നെയും, ഉറങ്ങുന്ന
"പോണി-ടെയിലിനെ"യും പകര്‍ത്തേണ്ടത്.
അവനവിടെ കുടിയേറാന്‍ തുടങ്ങുമ്പോള്‍ ആകും
ഹോം-വര്‍ക്കിന്റെ രൂപത്തില്‍
മറവി മിന്നായംപോലെ
സ്കറിയാ സാറിന്റെ ചൂരലിലേക്ക് മുറിച്ചുകുത്തുക.
ഹോ... സമാധാനം...
ഫീസടക്കാത്തവന്റെ കണക്കുകള്‍
ക്ലാസ്സിന്റെ അരികുകള്‍ക്കും അപ്പുറത്താണല്ലോ,
നാളെ മുതല്‍ ഈ ബസിന്റെയും...!

2010, മാർച്ച് 9, ചൊവ്വാഴ്ച



മരണം മുളക്കുന്ന നാട്*

മണവാട്ടികള്‍
തെരുവില്‍ പടര്‍ന്ന ചോരകൊണ്ട്
മെഹന്ദി വരയ്ക്കുന്ന,
ചാരം കൊണ്ട്
കണ്ണ് എഴുതുന്ന
ഒരു നാടിനെപ്പറ്റി
നിങ്ങള്‍ കേട്ടിട്ടുണ്ടോ ?
മരണം പെയ്യുന്ന ഹേമന്തം
അവരുടെ
നഗ്നാസ്തികളില്‍
അള്ളിപിടിച്ച്
കുളിരൂതും
ഇവിടെ എല്ലാവരും
കണ്ണുനീരില്‍ വിശ്വസിക്കുന്നു
വിട ചൊല്ലുമ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍;
പുന:സമാഗമത്തിന്
രണ്ടിറ്റ്‌ കണ്ണുനീര്‍.
ഇവിടെ
പുലരിയെന്നും
അതിന്റെ
കട്ടിഞ്ഞരംബുകളില്‍
ഇടനെഞ്ഞുതകര്‍ന്ന പൂമൊട്ടുകള്‍
കണ്ടെത്താറുണ്ട്
യഹൂദരുടെ ബയണറ്റുകളെ
ഉരുളം കല്ലു കൊണ്ടെതിരിട്ട
**അബാബീലുകളുടെ
കൊച്ചു ചക്രവാളം
നമ്മുടെ നിഷ്ക്രിയത്വത്തെ
കൊഞ്ഞനം കുത്തുമ്പോഴും
രാത്രിയെഴുതിയ
ചുവന്ന കവിതയില്‍
ഇവിടെന്നും
***മയ്യിത്ത്‌ നമസ്ക്കാരത്തിനായി
ഇരുണ്ടു വെളുക്കാരുണ്ടാത്രേ...!!

*ഫലസ്തീന്‍ ജനത
**അബാബീല്‍ പക്ഷികള്‍: ഒരു ആനപ്പടയെ ദൈവം അബാബീല്‍ എന്ന് പേരുള്ള ഒരു തരം പക്ഷികളെ കൊണ്ട് കല്ലെറിഞ്ഞു നശിപ്പിച്ചു.
***മയ്യിത്ത്‌ നമസ്ക്കാരം: മരണാനന്തര പ്രാര്‍ത്ഥന.

2010, മാർച്ച് 5, വെള്ളിയാഴ്‌ച


നിഴല്‍ കൂത്ത്‌
നിഴലുറങ്ങുന്ന
ഉറുമ്പിന്‍ കൂട്ടിനരുകില്‍നിന്നു
കാറ്റിന്റെ സീല്‍ക്കാരങ്ങളെ പിന്തുടര്‍ന്ന്
ഉണരാന്‍ കിടക്കുന്ന
നഗരത്തിന്റെ നിഴല്‍പറ്റി
വിശപ്പിന്റെ വിയര്‍പ്പാറ്റാന്‍
ഇരുട്ടിന്റെ മറപ്പുരയിലേക്ക്
ഞാന്‍ വഴുതിയിറങ്ങുമ്പോള്‍
മുറിയില്‍,
പാവപോലെ തുള്ളിയിളകുന്ന
പഴന്തുണിക്കെട്ടിന്റെ നിഴലാട്ടമല്ലാതെ
മറ്റൊന്നുമെന്നെ
തടഞ്ഞില്ല.

ആ ചത്വരത്തിന്റെ മൂലയില്‍ നിന്നും
പെയ്തൊഴിയാന്‍ കാത്തിരുന്ന
മഴപോലുടനെ
ഒരു ചെറുപ്പക്കാരന്‍ പാടാന്‍ തുടങ്ങി
സത്യമായും ഞാന്‍ തയ്യാറെടുത്തിരുന്നില്ല.

എന്തുകൊണ്ടോ അയാളുടെ വാക്കുകള്‍
എന്റെ അസ്ഥികളെ കിടുകിടുപ്പിച്ചു.

എന്റെ ജീവിതമായിരുന്നു അയാള്‍ പാടിയത്
എന്റെ സ്വപ്നങ്ങളായിരുന്നു മന്ദ്രിച്ചത്
എന്റെ ഉള്ളില്‍ തിക്കുമുട്ടുന്ന
വേദനയില്‍ വിരല്‍മുക്കി
അയാളൊരു ചിത്രം വരയ്ക്കുകയാണ്,
എന്റെ മൃത വികാരങ്ങള്‍ക്ക്
അഞ്ജലിയായിട്ടെന്നപോലെ...

എന്റെ ചിന്താക്കുഴപ്പം
അയാളുടെ സ്വരത്തില്‍ നിറഞ്ഞപോലെ...
എന്റെ എല്ലാ ബലഹീനതകളും
മൂടിവെച്ച ആനന്ദങ്ങളും
നഗ്നമാക്കികൊണ്ട്
എന്റെ സ്വസ്ഥാസ്വസ്ഥതകള്‍ ഏറ്റെടുത്ത്‌
ഒരു സൂഫിയെപോലെ
എല്ലാം മറന്നയാള്‍ പാടുകയാണ്.

അയാളുടെ മുറുകിയ തന്ദ്രികളില്‍
ഞാനൊരു കൂത്ത്‌ പാവയായി
ഒടുവില്‍, മഴയുടെ നിഴലില്‍
വിളക്കുകാലുകളുടെ
വെയില്‍പറ്റിനിന്ന ആ ശബ്ദം
ഒരു വാളായെന്നെ
മുറിച്ചു കുത്തിയപ്പോള്‍
സഹികെട്ട്, ഞാന്‍
അകത്തുകടന്നു വാതിലടച്ചു.

ശരീരത്തില്‍ പൂശിയ
സുഗന്ധ ലേപനങ്ങള്‍ക്കപ്പോള്‍
പഴകി നാറുന്ന ഏതോ ശവത്തിന്റെ
വിയര്‍പ്പുഗന്ധമായിരുന്നു.

കൂത്തുകാരി
കടന്നു കളഞ്ഞതിനാലാകാം
നിശബ്ദത തല്ലിപ്പിടക്കുന്ന
മുറിയുടെ ഇരുണ്ട മൂലയില്‍
അനക്കം നിലച്ചൊരു
തൊട്ടില്‍,
അരികിലനത്തിവെച്ച
ഉപ്പുനീര്
ഇതിനകം തട്ടിമറിഞ്ഞ്
ഉറുമ്പരിച്ചു
ആറിത്തണ്‌ത്തിരുന്നു.
ഈ ഒന്നാണോ ആ ഒന്ന്...??


ഒന്നിനൊന്നോടു
വേറിട്ടൊരു ഒന്ന്‌
തോന്നിയാല്‍
ഉപമിക്കാനാവില്ലതിനെ
മറ്റൊന്നിനോട്
അത് പ്രണയം.

എങ്കില്‍...
എനിക്കറിയാം,
നീ വിചാരിച്ചിരുന്ന
ഒന്നായിരുന്നില്ല ഞാന്‍.
എനിക്കറിയാം,
ഈ പ്രകടനമത്രയും
പ്രകടമായത്,...
രണ്ട്‌ മാത്രമായിരുന്നെന്ന്.
ഞാന്‍ ഉദ്ദേഷിച്ചതെന്തോ
അതായിരുന്നില്ല ഞാന്‍
ഞാന്‍ കണ്ട സ്വപ്നങ്ങള്‍
അതായിരുന്നില്ല നീ
പിന്നെന്തിനു ഞാനിത്ര
അസ്വസ്ഥനാകണം?

നീ തേടിയത്
കിട്ടിയെന്നു പ്രതീക്ഷിച്ചു
നിന്റെ പ്രതീക്ഷ
ഞാനായിരുന്നെന്നും പ്രതീക്ഷിച്ചു
പക്ഷെ...
ഞാനത് ആയിരുന്നില്ല
ഇനിയൊരിക്കലും
ആയിരിക്കുകയുമില്ല...
നീയാഗ്രഹിച്ചതും,
നീ തേടിയതും.

ഇപ്പോള്‍
എല്ലാം കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍
പകലറിവ് പോല്‍ ഒന്നറിയുന്നു
ഒന്നും ഞാനുമൊന്നാണെന്ന്...
വെറുമൊരു ഒന്നല്ലാതെ,
ഒന്നുമല്ലാത്ത
ഒന്നില്‍നിന്ന്
ഒരൊന്നെടുത്താല്‍
ഒന്നുമില്ലേ?
അങ്ങനെയെങ്കില്‍...
ഇനിയാ
പ്രണയത്തിന്റെ ഒന്ന്
ഇതെങ്ങാനുമാണോ ആവോ...??