Popular Posts

2010, മാർച്ച് 5, വെള്ളിയാഴ്‌ച


നിഴല്‍ കൂത്ത്‌
നിഴലുറങ്ങുന്ന
ഉറുമ്പിന്‍ കൂട്ടിനരുകില്‍നിന്നു
കാറ്റിന്റെ സീല്‍ക്കാരങ്ങളെ പിന്തുടര്‍ന്ന്
ഉണരാന്‍ കിടക്കുന്ന
നഗരത്തിന്റെ നിഴല്‍പറ്റി
വിശപ്പിന്റെ വിയര്‍പ്പാറ്റാന്‍
ഇരുട്ടിന്റെ മറപ്പുരയിലേക്ക്
ഞാന്‍ വഴുതിയിറങ്ങുമ്പോള്‍
മുറിയില്‍,
പാവപോലെ തുള്ളിയിളകുന്ന
പഴന്തുണിക്കെട്ടിന്റെ നിഴലാട്ടമല്ലാതെ
മറ്റൊന്നുമെന്നെ
തടഞ്ഞില്ല.

ആ ചത്വരത്തിന്റെ മൂലയില്‍ നിന്നും
പെയ്തൊഴിയാന്‍ കാത്തിരുന്ന
മഴപോലുടനെ
ഒരു ചെറുപ്പക്കാരന്‍ പാടാന്‍ തുടങ്ങി
സത്യമായും ഞാന്‍ തയ്യാറെടുത്തിരുന്നില്ല.

എന്തുകൊണ്ടോ അയാളുടെ വാക്കുകള്‍
എന്റെ അസ്ഥികളെ കിടുകിടുപ്പിച്ചു.

എന്റെ ജീവിതമായിരുന്നു അയാള്‍ പാടിയത്
എന്റെ സ്വപ്നങ്ങളായിരുന്നു മന്ദ്രിച്ചത്
എന്റെ ഉള്ളില്‍ തിക്കുമുട്ടുന്ന
വേദനയില്‍ വിരല്‍മുക്കി
അയാളൊരു ചിത്രം വരയ്ക്കുകയാണ്,
എന്റെ മൃത വികാരങ്ങള്‍ക്ക്
അഞ്ജലിയായിട്ടെന്നപോലെ...

എന്റെ ചിന്താക്കുഴപ്പം
അയാളുടെ സ്വരത്തില്‍ നിറഞ്ഞപോലെ...
എന്റെ എല്ലാ ബലഹീനതകളും
മൂടിവെച്ച ആനന്ദങ്ങളും
നഗ്നമാക്കികൊണ്ട്
എന്റെ സ്വസ്ഥാസ്വസ്ഥതകള്‍ ഏറ്റെടുത്ത്‌
ഒരു സൂഫിയെപോലെ
എല്ലാം മറന്നയാള്‍ പാടുകയാണ്.

അയാളുടെ മുറുകിയ തന്ദ്രികളില്‍
ഞാനൊരു കൂത്ത്‌ പാവയായി
ഒടുവില്‍, മഴയുടെ നിഴലില്‍
വിളക്കുകാലുകളുടെ
വെയില്‍പറ്റിനിന്ന ആ ശബ്ദം
ഒരു വാളായെന്നെ
മുറിച്ചു കുത്തിയപ്പോള്‍
സഹികെട്ട്, ഞാന്‍
അകത്തുകടന്നു വാതിലടച്ചു.

ശരീരത്തില്‍ പൂശിയ
സുഗന്ധ ലേപനങ്ങള്‍ക്കപ്പോള്‍
പഴകി നാറുന്ന ഏതോ ശവത്തിന്റെ
വിയര്‍പ്പുഗന്ധമായിരുന്നു.

കൂത്തുകാരി
കടന്നു കളഞ്ഞതിനാലാകാം
നിശബ്ദത തല്ലിപ്പിടക്കുന്ന
മുറിയുടെ ഇരുണ്ട മൂലയില്‍
അനക്കം നിലച്ചൊരു
തൊട്ടില്‍,
അരികിലനത്തിവെച്ച
ഉപ്പുനീര്
ഇതിനകം തട്ടിമറിഞ്ഞ്
ഉറുമ്പരിച്ചു
ആറിത്തണ്‌ത്തിരുന്നു.

1 അഭിപ്രായം: