Popular Posts

2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

ഫിക്സേഷന്‍

പ്രണയം പെറ്റിട്ട പീലിക്കടിഞ്ഞൂലുകളായി
പുസ്തകാകാശങ്ങളുടെ 'ഇങ്കുബെറ്റര്‍'-ല്‍ കണ്ടുമുട്ടുമ്പോഴും
ഇടയ്ക്കിടെ തുറന്നടയുന്ന ഇണക്കപ്പിണക്കങ്ങളുടെ
അമൂര്‍ത്ത രൂപങ്ങള്‍ കണ്ട്
തൊള്ള തുറക്കുമ്പോഴും
സ്നേഹത്തിന്റെ മധുരം ഈമ്പിക്കുടിച്ച് ചിരിയൊതുക്കുമ്പോഴും
അറിഞ്ഞിരുന്നില്ല
ജീവിതത്തിന്റെ പകര്‍പ്പെഴുത്തുകളില്‍
നാമിനി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി
കയറിപ്പറ്റുമെന്നു.

ഓര്‍മ്മയുടെ മുഖപ്പത്രങ്ങളില്‍
ഓമനിച്ച നിമിഷസഞ്ജയങ്ങള്‍
തിരുത്തി നീ ഗസറ്റിറക്കും മുന്‍പേ
ഹാള്‍മാര്‍ക്ക് മുദ്രകള്‍ ഇല്ലഞ്ഞതുകൊണ്ടാകണം
നിഴലാളിപ്പടര്‍ന്ന ഹ്രദയത്തിന്റെ
അലകുകളില്‍ തുരുമ്പിന്റെ ഭാഷ കണ്ടെത്തിയനിലയില്‍
എന്റെ സ്വപ്‌നങ്ങള്‍ 'കോമ'-യിലായത്.

നിന്നെ കണ്ണുനിറയെ ചിരിപ്പിക്കാറുള്ള
മുത്തശ്ശിയുടെ "മഴവില്ലു കണ്ട് മോഹിക്കുന്നവര്‍-
കുരുടന്‍ മൂങ്ങകളായിപ്പോകും" എന്ന
'ബനാന ടോക്ക്" ഇപ്പൊ അച്ചട്ടയല്ലോ...
കിടത്തിപ്പൊറുപ്പിക്കാഞ്ഞതുകൊണ്ടാകും
ഓര്‍മ്മയുമെന്നെ ഇട്ടേച്ചുപോയി.

കടത്തിണ്ണയില്‍ ഏകാന്തത പിടിച്ച്
പടംപോലിരിക്കുന്ന 'പ്രാന്തന്‍ പൊക്കനെ'
നീയാണാദ്യം 'പിയാത്ത'-യിലേക്ക്
കലാപരമായി മോര്‍ഫിയത്...
അരികത്താരുമില്ലാത്തൊരു മണ്‍പാതയില്‍
ഓര്‍മ്മകളാല്‍ ഞാനുമാ 'പിയാത്ത'യിലേക്ക്
ഉയര്‍ന്ന ഡോസില്‍ കുത്തിവയ്ക്കപ്പെട്ടു.
വഴിക്കണ്ണുകളില്‍ വസന്തം വന്നു
തേന്‍കുരുവികള്‍ക്ക് കണിയാകുമ്പോഴും
കല്ചീളുകള്‍ക്ക് ഉന്നം കൊടുക്കുമ്പോഴും
നിന്റെ 'സ്റ്റാച്ച്യു' വിളിയെന്നെ
ഇരുട്ടിന്റെ തനിപ്പിലേക്ക് മോര്‍ഫിയിരുന്നു.

1 അഭിപ്രായം: