
ഈ മിഴിയോരത്തും മിഴിദൂരത്തും നിന്റെ നനവുറഞ്ഞ
ഓര്‍മ്മകള്‍ എന്നില്‍ വിണ്ടുപൊട്ടുന്ന വേവായുറയ്ക്കുന്നു
നഷ്ടവസന്തങ്ങള്‍ക്ക് സാക്ഷ്യമായി പൂവിടുന്ന മരവാഴകള്‍
കല്‍ച്ചുമരുകളുടെ അതാര്യതയിലൂടെ എന്നിലേയ്ക്കുള്ള വഴി പഠിച്ചത്
നിന്നിലേയ്ക്ക് നടന്നുമറഞ്ഞ വേരാഴങ്ങളിലൂടാവും
എന്റെ ജാലകവട്ടത്തിലെ സ്വപ്‌നക്കാഴ്ചകളില്‍ ചാഞ്ഞ്
നീ ചന്നം പിന്നം കോറിയിട്ട നഖചിത്രങ്ങളിലേയ്ക്ക് വെയിലേറ്റങ്ങള്‍
വിശകലനം തേടി ഓടിപ്പിടഞ്ഞെത്തിയപ്പോഴേയ്ക്കും നിറംവറ്റിയിരുന്നു
കാറ്റിനൊപ്പം തിമര്‍ത്താടിയുള്ള നിന്റെ വരവുകണ്ട്
എന്റെ ചില്ലുവീടിന്റെ കൈകള്‍ വിടര്‍ത്തിയിട്ടപ്പോഴൊക്കെ
ഒടിഞ്ഞുതൂങ്ങിയ കാലുകളുമായി നീ കാണാമറയത്തെത്തിരുന്നു
പണ്ടെങ്ങോ നോവുപാകിയ വിത്തുപാടങ്ങളില്‍
ഇനിയും വിവര്‍ത്തനം ചെയ്യപ്പെടാത്ത കനല്‍നാമ്പുകള്‍
നിന്നെ ധ്യാനിച്ച് ഈര്‍പ്പം തൊടാതെ കിടപ്പുണ്ട്
ഇനിയത് ഉഴുതുണര്‍ത്താനും വിളവെടുക്കാനുമാവില്ല
കൃഷിവലന്‍ ആത്മഹൂതിയില്‍ അഭയം തേടിയിരുന്നല്ലോ
വിത്തനക്കങ്ങള്‍ക്ക് സാധ്യതയില്ലെന്നുറച്ചതിനാലാകും
പ്രകൃതിക്ഷോഭങ്ങളും ഈ തരിശുനിലം കൈയ്യൊഴിഞ്ഞത്
നികത്തി ഒരു സ്മാരകമൊരുക്കാന്‍ ആദര്‍ശവും അനുവദിക്കുന്നില്ലല്ലോ
നൂറുമേനികള്‍ കണ്ട ഈ പുത്തരിക്കണ്ടങ്ങള്‍ വിട്ട്
നീ മുകില്‍ ലായങ്ങളിലേയ്ക്ക് ആണ്ടുപോയിട്ട്
ആണ്ടറുതികള്‍ എത്രവട്ടം മലക്കമറിഞ്ഞിരിക്കുന്നു
എല്ലുന്തിയ കന്നുകുട്ടികളുടെ സമാധികള്‍ മണക്കുന്ന മണ്ണിലിപ്പോള്‍
നെഞ്ചിലെ ചാപ്പയില്‍ തെളിയുന്ന ബാരിക്കേടുകളുടെ
കുറുകലില്‍ പതഞ്ഞുപറ്റുന്ന കിതപ്പിന്റെ കിറിനക്കിപ്പിടിച്ച്
ചാവാലിപ്പട്ടികള്‍ക്കൊപ്പം വിശപ്പാറ്റുന്ന ചില സൊമാലിയന്‍ പകര്‍പ്പുകള്‍
അവരുടെ മുറിഞ്ഞുവീഴുന്ന ഉച്ഛ്വാസങ്ങളില്‍ കടല്‍ മണക്കുന്നു
വര്‍ത്തമാനങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട **കൊമാലകളുടെ
ഓളങ്ങളൊഴിഞ്ഞ കാഴ്ചഭിത്തികളില്‍ കാവലാകുന്നത്
കോണ്‍ക്രീറ്റ് കാടുകളുടെ പന്തലിക്കുന്ന നിഴലുകള്‍ മാത്രം
* കോണ്‍ക്രീറ്റ് ഫ്‌ളാറ്റില്‍ കുടുങ്ങി, സ്വപ്‌നങ്ങളില്‍ മാത്രം മഴ കാതോര്‍ക്കുന്ന ഒരു പെണ്‍മനസ്സാണ് ഇവിടെ പ്രമേയമായത്.
** കൊമാല എന്നാല്‍ കുര്‍ദിഷ് ഭാഷയില്‍ സമൂഹം എന്നാണര്‍ത്ഥം. ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ യുവാന്‍ റൂള്‍ഫോ തന്റെ നോവലില്‍ അവതരിപ്പിച്ചിരിക്കുന്ന കൊമാല സ്വത്വബോധം മറവിയിലാണ്ട് പോയ ഒരു സമൂഹത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. ഇവിടെയും അത്തരത്തിലൊരര്‍ത്ഥമാണ് കൊടുക്കുന്നത്.